Skip to main content
Source
Manorama News
https://www.manoramanews.com/news/india/2022/08/17/bihar-ministers-financial-background-and-criminal-background-story.html
Author
സ്വന്തം ലേഖകൻ
Date

ബിഹാര്‍ സാമ്പത്തികമായി രാജ്യത്ത് ഏറ്റവും പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണെങ്കിലും രാഷ്ട്രീയക്കാരുടെ കാര്യത്തില്‍ അത് ഒട്ടും ശരിയല്ല. പുതിയ നിതീഷ് കുമാര്‍ മന്ത്രിസഭയിലെ അംഗങ്ങളെക്കുറിച്ച് അസോസിയേഷന്‍ ഓഫ് ഡെമക്രറ്റിക് റിഫോംസ് തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം ശരാശരി 5 കോടി 83 ലക്ഷം രൂപയുടെ ആസ്തിയുണ്ട് മന്ത്രിമാര്‍ക്ക്. ഏറ്റവും വലിയ കക്ഷിയായ ആര്‍ജെഡി മന്ത്രിമാരുടെ ശരാശരി ആസ്തി ഇതിലും കൂടുതലാണ്. 7 കോടി 60 ലക്ഷം. 

ആര്‍ജെ‍ഡിയുടെ സമീര്‍ കുമാര്‍ മഹാസേത്താണ് ഏറ്റവും സമ്പന്നനായ ബിഹാര്‍ മന്ത്രി. 24 കോടി 45 ലക്ഷം രൂപയുടെ ആസ്തി അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.മുഖ്യമന്ത്രിയുെട പാര്‍ട്ടിയായ ജെഡിയുവിന്റെ മന്ത്രിമാരുടെ ശരാശരി ആസ്തി 4 കോടി 56 ലക്ഷം രൂപയാണ്. ഘടകകക്ഷിയായ ഹിന്ദുസ്ഥാനി ആവാം മോര്‍ച്ച സെക്കുലറിന്റെ ഏകമന്ത്രിയുടെ സ്വത്തുക്കളുടെ മൂല്യം 2 കോടി 57 ലക്ഷത്തിന് മുകളില്‍. മന്ത്രിസഭയില്‍ കോണ്‍ഗ്രസ് മന്ത്രിമാരാണ് ദരിദ്രര്‍. രണ്ട് മന്ത്രിമാരുടെ ശരാശരി ആസ്തി 54 ലക്ഷത്തില്‍ താഴെ മാത്രം. ചെനാരിയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം മുരാരി പ്രസാദ് ഗൗതമിന് ആകെ 17.66 ലക്ഷം രൂപയുടെ ആസ്തി മാത്രമേയുള്ളു. 

ആകെയുള്ള 32 മന്ത്രിമാരിൽ 27 പേരും കോടിപതികളാണെന്നതാണ് മറ്റൊരു കാര്യം. ആർജെഡിയുടെ 17 പേരിൽ 16 പേരും കോടികളുടെ ആസ്തിയുള്ളവർ. ജെഡിയുവിന്റെ 11 പേരിൽ 9 പേരും കോടീശ്വരൻമാരെന്ന് രേഖകൾ വ്യക്തമാക്കുന്നു. കോൺഗ്രസിന്റെ രണ്ടു പേരും കോടിപതി കോളത്തിലിടം നേടിയവരല്ല. 

അതേസമയം സമ്പന്നതയുടെ പേരിൽ മാത്രമല്ല ബിഹാർ മന്ത്രിമാർ ശ്രദ്ധേയരാവുന്നത്, ക്രിമിനൽകേസുകളുടെ കാര്യത്തിലും കോടീശ്വരൻമാർ തന്നെ. മന്ത്രിസഭയിലെ 72 ശതമാനവും ക്രിമിനൽകേസ് പ്രതികളാണ്. അതിൽ തന്നെ 53ശതമാനം പേർക്കെതിരെയും ഗൗരവമുള്ള കേസുകളാണ്. മന്ത്രിസഭയിലെ പ്രബലൻമാരായ ആർജെഡിയുടെ 88ശതമാനം മന്ത്രിമാരും ക്രിമിനൽ കേസ് പ്രതികളാണ്. 17 പേരിൽ 15 പേർക്കെതിരെയും കേസുകൾ നിലവിലുണ്ട്. രണ്ടാമൻമാരായ ജെഡിയുവിന്റെ കാര്യത്തിൽ അൽപം ആശ്വാസമുണ്ട്. 11 പേരിൽ 4 പേർ മാത്രമേ കേസ് ലിസ്റ്റിൽ പെട്ടിട്ടുള്ളൂ. കോൺഗ്രസിന്റെ രണ്ടു മന്ത്രിമാരിൽ രണ്ടു പേരും കേസുള്ളവരാണ്. ഹിന്ദുസ്ഥാൻ അവാമി മോർച്ചയുടെയും സ്വതന്ത്രനായ ജയിച്ചു വന്ന മന്ത്രിക്കുമുണ്ട് കേസ്. 

ഇനി വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ മന്ത്രിസഭയിലെ 25 ശതമാനം പേർ 8 മുതൽ 12ാം ക്ലാസ് വരെ വിദ്യാഭ്യാസം ഉള്ളവരാണ്. 75 ശതമാനം പേർ ഡിഗ്രിയോ അതിനു മുകളിലോ യോഗ്യതയുള്ളവരാണെന്നാണ് റിപ്പോർട്ട്.