Skip to main content
Source
Twenty Four News
Date

ഏഴ് ഇലക്ടറൽ ട്രസ്റ്റുകൾ വഴി രാഷ്ട്രീയ പാർട്ടികൾക്ക് 258.49 കോടി രൂപ സംഭാവന ലഭിച്ചതായി റിപ്പോർട്ട്. തുകയുടെ 82 ശതമാനത്തിലധികവും എത്തിയത് ബിജെപിക്ക് വേണ്ടിയാണെന്നും തെരഞ്ഞെടുപ്പ് അവകാശ സംഘടനയായ എ.ഡി.ആർ അറിയിച്ചു. കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും സംഭാവന സ്വീകരിക്കുന്നത്തിന് ഇന്ത്യയിൽ രൂപീകരിച്ച സംഘടനയാണ് ഇലക്ടറൽ ട്രസ്റ്റ്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകൾക്കുള്ള ഫണ്ട് വിനിയോഗത്തിൽ സുതാര്യത കൊണ്ടുവരിക എന്നതാണ് ഇലക്ടറൽ ട്രസ്റ്റിൻ്റെ ലക്ഷ്യം. 23 ഇലക്ടറൽ ട്രസ്റ്റുകളിൽ 16 എണ്ണവും 2020-21 സാമ്പത്തിക വർഷത്തേക്കുള്ള സംഭാവനകളുടെ വിശദാംശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ചിട്ടുണ്ടെന്നും ഇതിൽ ഏഴ് പേർ മാത്രമാണ് സംഭാവന സ്വീകരിച്ചതായി പ്രഖ്യാപിച്ചതെന്നും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോം(എഡിആർ) റിപ്പോർട്ടിൽ പറയുന്നത്.

സംഭാവനകളിൽ ബിജെപിക്ക് 212.05 കോടി ലഭിച്ചു. അതായത് മൊത്തം തുകയുടെ 82.05 ശതമാനം. ജനതാദൾ യുണൈറ്റഡ് (ജെഡിയു) മൊത്തം തുകയുടെ 10.45 ശതമാനം(27 കോടി രൂപ) നേടി. കോൺഗ്രസ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, എഐഎഡിഎംകെ, ഡിഎംകെ, രാഷ്ട്രീയ ജനതാദൾ, ലോക് ജനശക്തി പാർട്ടി, സിപിഐ, സിപിഐ എം, ലോക്താന്ത്രിക് ജനതാദൾ എന്നിവയുൾപ്പെടെ മറ്റ് 10 പാർട്ടികൾ ട്രസ്റ്റുകളിൽ നിന്ന് 19.38 കോടി രൂപ കൈപ്പറ്റിയതായി റിപ്പോർട്ട് പറയുന്നു.

കേന്ദ്ര സർക്കാർ ഉണ്ടാക്കിയ ചട്ടങ്ങൾ പ്രകാരം സാമ്പത്തിക വർഷം ലഭിക്കുന്ന തുകയുടെ 95 ശതമാനവും ഇലക്ടറൽ ട്രസ്റ്റുകൾ രാഷ്ട്രീയ പാർട്ടികൾക്ക് വിതരണം ചെയ്യണം. 2013 ജനുവരിക്ക് ശേഷം രൂപീകരിച്ച ഏഴ് ഇലക്ടറൽ ട്രസ്റ്റുകളിലേക്കുള്ള സംഭാവനകളും രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയ ഫണ്ടുകളുമാണ് എഡിആർ റിപ്പോർട്ടിൽ ഉള്ളത്.