Skip to main content
Source
Samakalika Malayalam
https://www.samakalikamalayalam.com/deseeyam-national/2022/jun/17/8-national-parties-declared-total-income-of-rs-1373-783-cr-in-fy-2020-21-151783.html
Author
സമകാലിക മലയാളം ഡെസ്‌ക്‌
Date
City
New Delhi

രാജ്യത്തെ ദേശീയ പാര്‍ട്ടികളുടെ വരുമാനത്തില്‍ വന്‍ ഇടിവുണ്ടായതായി സന്നദ്ധ സംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റോഫോംസിന്റെ (എഡിആര്‍) റിപ്പോര്‍ട്ട്. വരുമാനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ബിജെപിയുടെ ഫണ്ട് കഴിഞ്ഞ സാമ്പത്തിക വര്‍ഷം എണ്‍പതു ശതമാനത്തോളമാണ് ഇടിഞ്ഞത്. തെരഞ്ഞെടുപ്പു കമ്മിഷന് നല്‍കിയ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് എഡിആര്‍ റിപ്പോര്‍ട്ട്.

രാജ്യത്തെ എട്ടു ദേശീയ പാര്‍ട്ടികള്‍ക്കും കൂടി പോയ വര്‍ഷം 1373.78 കോടി രൂപയാണ് വരുമാനം. ഇതില്‍ 55 ശതമാനത്തോളവും ബിജെപിയുടേതാണ്. ബിജെപി, കോണ്‍ഗ്രസ്, എന്‍സിപി, സിപിഐ, സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ്, നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവയാണ് അംഗീകൃത ദേശീയ പാര്‍ട്ടികള്‍.

കഴിഞ്ഞ വര്‍ഷം ബിജെപിയുടെ മാത്രം വരുമാനം 752.337 കോടി രൂപയാണ്. ദേശീയ പാര്‍ട്ടികളുടെ ആകെ വരുമാനത്തിന്റെ 54.764 ശതമാനമാണിത്. കോണ്‍ഗ്രസിന്റെ വരുമാനം 285.765 കോടിയാണ്. ദേശീയ പാര്‍ട്ടികളുടെ ആകെ വരുമാനത്തിന്റെ 20.8 ശതമാനം. ബിജെപിയുടെ വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 79.24 ശതമാനമാണ് ഇടിഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 3623.28 കോടിയായിരുന്നു മുന്‍ വര്‍ഷം ബിജെപിയുടെ വരുമാനം.

കോണ്‍ഗ്രസിന്റെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷം 58.11 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. മുന്‍ വര്‍ഷം 682.21 കോടിയായിരുന്നു കോണ്‍ഗ്രസിന്റെ വരുമാനം. 

ബിജെപിയുടെ വരുമാനത്തില്‍ നല്ലൊരു ഭാഗവും ചെലവഴിച്ചിട്ടുള്ളത് തെരഞ്ഞെടുപ്പു പ്രചാരണത്തിനാണ്- 421.01 കോടി രൂപ. ഭരണച്ചെലവുകള്‍ക്ക് 145.68 കോടിയാണ് പാര്‍ട്ടി ചെലവഴിച്ചത്. 91.35 കോടിയാണ് തെരഞ്ഞെടുപ്പു പ്രചാരണത്തിനായി കോണ്‍ഗ്രസ് ചെലവഴിച്ചത്. 88.43 കോടി രൂപ ഭരണച്ചെലവിനായും കോണ്‍ഗ്രസ് ചെലവാക്കി.