Skip to main content
Source
Malayalam Oneindia
https://malayalam.oneindia.com/news/india/1-29-crore-voters-used-nota-in-last-5-years-in-india-here-the-complete-details-348303.html
Author
Alaka KV
Date
City
New Delhi

രാജ്യത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടന്ന പൊതു തിരഞ്ഞെടുപ്പുകളിൽ 1.29 കോടി വോട്ടർമാർ 'നോട്ട' ഉപയോഗിച്ചതായി റിപ്പോർട്ട്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും, നാഷണൽ ഇലക്ഷൻ വാച്ചുമാണ് (ന്യൂ) ഇക്കാര്യം വ്യക്തമാക്കുന്നത്. 2018 മുതൽ 2022 വരെയുള്ള കാലയളവിൽ ലഭിച്ച നോട്ട വോട്ടുകൾ ഇരു സ്ഥാപനങ്ങളും വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കയത്.

നോട്ടയ്ക്ക് ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചത് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലാണ്. ശരാശരി 64,53,652 നോട്ട വോട്ടുകളാണ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്. ബിഹാറിലെ ഗോപാൽ ഗഞ്ച് മണ്ഡലത്തിൽ നിന്ന് മാത്രം നോട്ടയ്ക്ക് വോട്ട് ചെയ്തത് 51,660 പേരാണ്. ഏറ്റവും കുറവ് വോട്ട് ലക്ഷദ്വീപിൽ നിന്നാണ്. നൂറ് വോട്ടർമാരാണ് നോട്ട തിരഞ്ഞെടുത്തത്.

2020ൽ നടന്ന ബിഹാർ, ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ 1.46 ശതമാനം (7,49,360) പേർ നോട്ട ഉപയോഗിച്ചു. ഇതിൽ 7,06,252 വോട്ടുകൾ ബിഹാറിൽ ചെയ്തപ്പോൾ ഡൽഹിയിൽ 43,108 വോട്ടുകൾ മാത്രമാണ് പോൾ ചെയ്തത്. 2022ലെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 0.70 ശതമാനം പേർ നോട്ട ഉപയോഗിച്ചു(8,15,430 വോട്ടുകൾ). ഗോവയിൽ 10,629, മണിപ്പൂരിൽ 10,349, പഞ്ചാബിൽ 1,10,308, ഉത്തർപ്രദേശിൽ 6,37,304, ഉത്തരാഖണ്ഡിൽ 46,840 എന്നിങ്ങനെയാണ് കണക്കുകൾ.

2019ലെ മഹാരാഷ്ട്ര നിയമസഭാ തിഞ്ഞെടുപ്പിലാണ് നോട്ട ഏറ്റവും കൂടുതൽ ഉപയോഗിച്ചത്. ഈ തിരഞ്ഞെടുപ്പിൽ 7,42,134 നോട്ട വോട്ടുകളാണ് രേഖപ്പെടുത്തിയത്.