മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളിൽ മൂന്നിലൊന്ന് ആളുകളുടെപേരിൽ ക്രിമിനൽക്കേസുകൾ നിലവിലുണ്ടെന്ന് റിപ്പോർട്ട്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ.) തയ്യാറാക്കിയ റിപ്പോർട്ടുപ്രകാരം 4136 സ്ഥാനാർഥികളിൽ 1199 ആളുകളുടെപേരിൽ ക്രിമിനൽക്കേസുകളുണ്ട്.
ഇത്തരം സ്ഥാനാർഥികൾ കൂടുതൽ ബി.ജെ.പി.യിലാണ്. പാർട്ടിക്ക് 148 സ്ഥാനാർഥികളുണ്ട്. ഇതിൽ 68 ശതമാനം പേരും ക്രിമിനൽക്കേസുകൾ നേരിടുന്നു. ശിവസേനയുടെ (യു.ബി.ടി.) 66 ശതമാനം സ്ഥാനാർഥികളുടെപേരിൽ ക്രിമിനൽക്കേസുകളുണ്ട്. കോൺഗ്രസിന്റെ 59 ശതമാനം സ്ഥാനാർഥികളും ഷിന്ദേവിഭാഗം ശിവസേനയുടെ 52 ശതമാനവും സ്ഥാനാർഥികളും അജിത് പവാർ വിഭാഗം എൻ.സി.പി.യുടെ 54 ശതമാനം സ്ഥാനാർഥികളും കേസുകൾ നേരിടുന്നവരാണ്. ശരദ് പവാർ വിഭാഗം എൻ.സി.പി.യുടെ സ്ഥാനാർഥികളിൽ 51 ശതമാനവും കേസിലുൾപ്പെട്ടിരിക്കുന്നു.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെപേരിൽ 50 സ്ഥാനാർഥികളുടെപേരിൽ കേസുകളുണ്ട്. ആറുസ്ഥാനാർഥികൾ കൊലപാതകക്കുറ്റവും 39 പേർ വധശ്രമക്കേസും നേരിടുന്നു.
ആസ്തിയിൽ മുന്നിൽ പരാഗ് ഷാ
സ്ഥാനാർഥികളിൽ 829 പേർ കോടിപതികളാണ്. 3383 കോടിരൂപ ആസ്തിയോടെ ഘാട്കോപ്പർ ഈസ്റ്റിൽനിന്ന് മത്സരിക്കുന്ന പരാഗ്ഷായാണ് പട്ടികയിൽ ഒന്നാമത്. 475 കോടിരൂപ ആസ്തിയുള്ള പൻവേലിൽനിന്നുള്ള പ്രശാന്ത് താക്കൂറും 447 കോടിരൂപ ആസ്തിയുമായി മലബാർ ഹില്ലിൽനിന്നുള്ള മംഗൾ പ്രഭാത് ലോധയുമാണ് തൊട്ടുപിന്നിൽ. മൂവരും ബി.ജെ.പി.യിൽനിന്നുള്ളവരാണ്.
പാർട്ടി അടിസ്ഥാനത്തിൽ നോക്കിയാൽ ഏറ്റവുംകൂടുതൽ കോടീശ്വരന്മാരുള്ളത് ബി.ജെ.പി.ക്കാണ്. പാർട്ടിയുടെ 97 ശതമാനം സ്ഥാനാർഥികളും കോടിപതികളാണ്. തൊട്ടുപിന്നിൽ ഉദ്ധവ് വിഭാഗം ശിവസേനയാണുള്ളത്. അവരുടെ 95 ശതമാനം സ്ഥാനാർഥികളും കോടിപതികളാണ്.
